കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ഏജന്‍സിയായ ഇഡിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനു നിയോഗിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ഏജന്‍സിയായ ഐ-പാക്കിന്റെ ഓഫീസിലും തലവൻ പാര്ഥിക് ജയിനിന്റെ വസതിയിലും ഇഡി നടത്തിയ പരിശോധനയാണു മുഖ്യമന്ത്രിയെ രോഷാകുലയാക്കിയത്. ഇഡിക്കെതിരേ കോടതിയിൽ നിയമപോരാട്ടത്തിനും തൃണമൂൽ തുടക്കമിട്ടു.
മുഖ്യമന്ത്രി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോൽക്കത്ത പോലീസ് കേന്ദ്ര ഏജൻസിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേയാണു ജാധവ്പുരിലെ ബിബി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ഇഡിക്കെതിരേ നടന്ന കാൽനട പ്രതിഷേധ റാലി.
കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി മുഖ്യമന്ത്രിയുടെ പിന്നാലെ തടിച്ചുകൂടി. ക്രമസമാധാന പാലനത്തിനായി വന്‍ പോലീസ് സന്നാഹമാണു മേഖലയിൽ വിന്യസിച്ചിരുന്നത്. ആഭ്യന്തര രഹസ്യവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചോര്‍ത്താനാണ് ഇഡിയുടെ പരിശോധനയെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബിജെപിയുടെ ആവശ്യമെന്നും അതിനായി അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണു ബിജെപിയും അഴിച്ചുവിട്ടത്. തൃണമൂലും മമതാ ബാനര്‍ജിയും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
അതേസമയം റെയ്ഡിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി കല്‍ക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളും അരങ്ങേറി. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റീസ് സുവ്രഘോഷ് ഇറങ്ങിപ്പോയി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കുമെന്നാണു സൂചന.
തൃണമൂല്‍ കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന കണ്‍സള്‍ട്ടന്‍സിയാണ് ഐപാക്ക്. തെ രഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍സുരാജ് പാര്‍ട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് ഐപാക്കിന്റെ സ്ഥാപകന്‍.